കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു

തിരുവന്തപുരം: തിരുവന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. ഭാസുരാംഗനുമായി ഇഡി ഉദ്യോഗസ്ഥര്‍ കണ്ടലയിലെ വീട്ടിലെത്തി. പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂര്‍ത്തിയായി. വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഇതോടൊപ്പം ഭാസുരാംഗന്റെ പൂജപ്പുരയിലെ വാടക വീട്ടിലും മകന്റെ ഹോട്ടലിലും ഇഡി പരിശോധന ആരംഭിച്ചിരുന്നു.

ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ ബാങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടത്തി.

ബാങ്കില്‍ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകന്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് മുന്‍ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂര്‍ക്കടയില്‍ ഉള്ള മുന്‍ സെക്രട്ടറിയുടെ വീട്ടിലുമാണ് പരിശോധ നടന്നത്.

Top