കള്ളപ്പണ കേസ്;ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കുന്നുണ്ടോ? വിജിലന്‍സിനോട് ഇഡി

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സംസ്ഥാന വിജിലന്‍സിന് കത്തയച്ചു. നോട്ട് നിരോധനത്തിനിടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് സംസ്ഥാന വിജിലന്‍സിന് കത്തയച്ചത്.

കേസെടുത്താല്‍ കള്ളപ്പണം ആരോപണം അന്വേഷിക്കാമെന്ന് വിജിലന്‍സിന് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം കള്ളപ്പണ കേസില്‍ അന്വേഷണം തുടങ്ങിയതായി വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ പാലാരിവട്ടം ക്രമക്കേടില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. പാലാരിവട്ടം പാലം അഴിമതിയില്‍ കിട്ടിയ കൈക്കൂലിപ്പണമാണ് നോട്ടുനിരോധനകാലത്ത് വെളുപ്പിച്ചതെന്നാണ് ഇബ്രാഹം കുഞ്ഞിനെതിരായ ആരോപണം.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപ വെളുപ്പിച്ചെന്നും പാലാരിവട്ടം അഴിമതിയോടൊപ്പം ഇക്കാര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.

Top