തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: കള്ളപണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ഇഡി ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 3000-ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 2011 മുതല്‍ 2015 വരെ ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്തെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സെന്തില്‍ ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നത്.

ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്ന ഇദ്ദേഹം, കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ – കണ്ടക്ടര്‍ നിയമനത്തിന് പലരില്‍ നിന്നായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2018 ഡിസംബറില്‍ ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ല്‍ നിയമസഭയിലേക്ക് മത്സരിച്ച് എക്‌സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. തൊട്ടുപിന്നാലെ 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി ഇദ്ദേഹത്തിനെതിരെ കേസെടുത്തു.

ഈ കേസില്‍ റിമാന്റില്‍ കഴിയുകയാണ് മന്ത്രി. ഇഡിക്ക് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇഡി അപേക്ഷ പരിഗണിച്ച്, ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 12 വരെ ബാലാജിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസില്‍ നടന്ന ചോദ്യംചെയ്യലിന് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ഇദ്ദേഹം. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനത്ത് ബാലാജിയെ നീക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

Top