ഇഡിയുടെ വിശാല അധികാരം: പുനഃപരിശോധനാ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച് പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവെച്ച് കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആണ് പുനഃപരിശോധനാ ഹർജി നൽകിയത്.

ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരാണ് ബെഞ്ചിൽ ഉള്ള മറ്റു ജഡ്ജിമാർ. കേസിൽ വിധി പ്രസ്താവിച്ച ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ ബെഞ്ചിൻ്റെ ഭാഗമാകുന്നത്. അടുത്ത ദിവസം ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിക്കാനിരിക്കേ, ഹർജിയിൽ സുപ്രധാന വിധി ഉണ്ടാവുമോ എന്നാണ് നിയമവിദഗ്ധർ ഉറ്റുനോക്കുന്നത്.

ഇഡിയുടെ വിശാല അധികാരങ്ങൾ പലതും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിൽ കഴിഞ്ഞമാസമാണ് ഇഡിക്ക് അനുകൂലമായ നിലപാട് സുപ്രീംകോടതി വ്യക്തമാക്കിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരവും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. 242 ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ചോദ്യം ചെയ്തായിരുന്നു ഭൂരിഭാഗം ഹർജികളും.

കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇഡി ഓഫീസർമാർ പൊലീസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാൽ ഇവർ സെക്ഷൻ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടനയുടെ ആർട്ടിക്കൾ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.  എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) എഫ്‌ഐആറിന് സമമല്ലെന്നും ഇത് ഇഡിയുടെ ഇന്റേണൽ ഡോക്യുമെന്റ് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആറുമായി ബന്ധപ്പെട്ട സിആർപിസി വ്യവസ്ഥകൾ ഇസിഐആറിന് ബാധകമല്ല. കേസിൽ പ്രതി ചേർത്തയാൾക്ക് ഇസിഐആർ നൽകണമെന്നത് നിർബന്ധമല്ല. എന്നാൽ വ്യക്തികൾക്ക് കോടതിയെ സമീപിച്ച് ഇത് ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Top