ബലാത്സംഗക്കേസ് ഒതുക്കാന്‍ കൈക്കൂലി; ഇഡി പൊലീസിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു !

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വന്‍ തുക കൈപ്പറ്റിയെന്ന പരാതിയിലാണ് നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മകന്‍ പ്രതിയായ ബലാത്സംഗക്കേസ് ഒതുക്കാന്‍ പൊലീസുകാര്‍ പാറമട ഉടമയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ അജിത് കൊടകര നല്‍കിയ പരാതിയിലാണ് നടപടി. ബലാത്സംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വന്‍തുക കൈപ്പറ്റിയെന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനില്‍ നിന്നും ഇ.ഡി തെളിവുകളും മൊഴിയും എടുത്തിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് രണ്ട് പൊലീസ് സ്റ്റേഷന്‍ മേധാവികളുള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തത്. കൊടകര സ്റ്റേഷന്‍ എസ് എച്ച് ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍, തടിയിട്ടപ്പറമ്പ് സ്റ്റേഷന്‍ എസ് എച്ച് ഒ സുരേഷ്‌കുമാര്‍, എ എസ് ഐ യാക്കൂബ്, വനിതാ സി പി ഒ ജ്യോതി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണമാണ് പൊലീസിന് കെണിയായത്. പരാതിക്കാരിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും, പണം തട്ടാന്‍ കേസ് കെട്ടിച്ചമച്ചതിന് കൊടകര സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസ് 2020 സെപ്തംബര്‍ 30ന് നല്‍കിയ സത്യവാങ്മൂലം.

എന്നാല്‍ ഒക്ടോബര്‍ 20നാണ് കൊടകര പൊലീസ് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുത്തത്. ഇതുചൂണ്ടിക്കാണിച്ചുകൊണ്ട് പെണ്‍കുട്ടിയെ കുടുക്കാന്‍ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പൊലീസുകാര്‍ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമായിരുന്നു പരാതി.

Top