സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യാനായി ഇഡി ആശുപത്രിയിലെത്തും; ചികിത്സ മുടക്കരുതെന്ന് കോടതി

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. എട്ടു ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ട ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ബാലാജി ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ബാലാജിയുടെ ഭാര്യ മേഖലയെയും, സഹോദരന്‍ അശോക് കുമാറിനെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. ചെന്നൈ സെഷന്‍സ് കോടതിയാണ് മന്ത്രിയെ എട്ടു ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. മന്ത്രിയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. മന്ത്രിയുടെ അടുത്ത സഹായികളായ ബി. ഷണ്‍മുഖം, എം. കാര്‍ത്തികേയന്‍ എന്നിവരാണ് ഇടപാടുകള്‍ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി.

സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ ജൂണ്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Top