യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

മുംബൈ: 15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്യലിനൊടുവില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകര്‍ത്തതെന്ന് റിസര്‍വ്ബാങ്ക് കണ്ടെത്തിയിരുന്നു.

സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്റെ രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്.

യെസ് ബാങ്കിന് മുകളില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിന്‍വലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ ആളുകള്‍ ഇരച്ചെത്തിയത് ഓണ്‍ലൈന്‍ സംവിധാനം താറുമാറാക്കി. ബാങ്കിനെ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയിട്ടുണ്ട്.

Top