തമിഴകത്ത് മന്ത്രിയെ ‘പൊക്കി’ സകലരെയും ഞെട്ടിച്ച് കേന്ദ്ര ഏജൻസി, അടുത്ത ലക്ഷ്യം കേരളമോ ?

മിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ സെക്രട്ടറിയേറ്റില്‍ കയറി ഇഡി അറസ്റ്റ് ചെയ്തതോടെ ശരിക്കും ആശങ്കയിലായിരിക്കുന്നതിപ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളാണ്. ബി.ജെ.പിക്കെതിരെ അണിയറയില്‍ പ്രതിപക്ഷ മഹാസഖ്യത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായിരിക്കെയാണ് അപ്രതീക്ഷിതവും അസാധാരണവുമായ നീക്കം തമിഴകത്ത് അരങ്ങേറിയിരിക്കുന്നത്. സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരായ കേന്ദ്ര ഏജന്‍സിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ പ്രതിഷേധം ഏതു രൂപത്തിലായി മാറുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനു തൊട്ടു പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്ക് ഇ.ഡി സംഘം കുതിച്ചെത്തിയിരിക്കുന്നത്. ഈ സംഘത്തിനൊപ്പം സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച കേന്ദ്ര സേനയെ തമിഴ്‌നാട് പൊലീസ് തടുത്തെങ്കിലും ഇ.ഡി ഉദ്ദ്യോഗസ്ഥരുടെ റെയ്ഡ് തടസ്സപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട്, ഇ.ഡിയുടെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രിക്ക് മര്‍ദ്ദനമേറ്റതായ ആരോപണം മുഖ്യമന്ത്രി തന്നെ നേരിട്ട് ഉന്നയിച്ചതിനാല്‍ ഇഡി ഉദ്ദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കാനും സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്രസര്‍ക്കാറും തമിഴ് നാട് സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലാണ് എത്തുക.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പശ്ചിമ ബംഗാളിലെ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ സംഘത്തെ ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം കേന്ദ്ര സര്‍ക്കാറും പശ്ചിമബംഗാള്‍ സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചിരുന്നത്. അന്ന് തെരുവിലിറങ്ങിയും കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തിയുമാണ് മമത ബാനര്‍ജി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനു പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട് രാജീവ് കുമാറിനെ ബംഗാളിനു പുറത്ത് മേഘാലയില്‍ ചോദ്യം ചെയ്യാന്‍ അവസരം ഉണ്ടാക്കിയതോടെയാണ് പ്രതിസന്ധി അയഞ്ഞിരുന്നത്. സമാന സാഹചര്യമാണ് തമിഴകത്തും സംജാതമായിരിക്കുന്നത്.

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്താല്‍ ബംഗാളിലെ പോലെ തമിഴ്‌നാടും കേന്ദ്രസര്‍ക്കാറും പരസ്പരം ഏറ്റുമുട്ടലിലേക്കാണ് നീങ്ങുക. വേണ്ടി വന്നാല്‍ തമിഴ്‌നാട് സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന ഭീഷണി പോലും ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 39 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമായതിനാല്‍ ബി.ജെ.പിയെ സംബന്ധിച്ച് തമിഴകം ഏറെ പ്രിയപ്പെട്ടതു തന്നെയാണ്. അതുകൊണ്ട് കിട്ടുന്ന ഒരവസരവും പാഴാക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും തയ്യാറല്ല. ഇതിന്റെ തുടക്കമെന്ന നിലയിലാണ് സംസ്ഥാന മന്ത്രിയെ തന്നെ അറസ്റ്റു ചെയ്തിരിക്കുന്നത്.

ജോലിക്ക് കോഴ വാങ്ങിയ കേസിലാണ് ഈ അറസ്റ്റ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. നിലവില്‍ ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി – എക്‌സൈസ് മന്ത്രിയാണ് സെന്തില്‍ ബാലാജി. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിയുടെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയതിനു പിന്നാലെ ആയിരുന്നു അറസ്റ്റ്. സെന്തില്‍ ബാലാജിയെ പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്നു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബി.ജെ.പി വിരട്ടിയാല്‍ പേടിക്കില്ലന്ന് ഡി.എം.കെയും സംസ്ഥാന മന്ത്രിമാരും തുറന്നടിച്ചിട്ടുണ്ടെങ്കിലും ഡി.എം.കെ ക്യാംപില്‍ ആശങ്ക ശക്തമാണ്. നിലവില്‍ മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെയും ചില നീക്കങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നുണ്ട്. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ ഐ.പി.എസ് ഓഫീസറുമായ അണ്ണാമലൈ ആണെന്നാണ് ഡി.എം.കെ നേതൃത്വം ആരോപിക്കുന്നത്. അതു കൊണ്ടു തന്നെ ജാഗ്രതയോടെ നീങ്ങാനാണ് എല്ലാ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ മുന്‍ നിര്‍ത്തി തമിഴ്‌നാട് ഭരണം പിടിച്ചെടുക്കാന്‍ മുന്‍പു നീക്കം നടത്തിയ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോള്‍ അണ്ണാമലൈയെ മുന്‍ നിര്‍ത്തി ശക്തമായ കടന്നാക്രമണമാണ് തമിഴകത്ത് നടത്തുന്നത്. ‘പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന്റെ നന്ദി സൂചകമായി തമിഴ്‌നാട്ടില്‍ നിന്നും ബി.ജെ.പി. സഖ്യത്തിലെ 25 പേരെ ലോക്‌സഭയിലേക്ക് അയക്കണമെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ് ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ ബി.ജെ.പി ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് തമിഴ്‌നാട് രാഷ്ട്രീയം തന്നെയാണെന്നു വ്യക്തമാക്കുന്ന പ്രതികരണമാണിത്.

അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവലം അഞ്ചുസീറ്റില്‍ മാത്രമാണ് ബി.ജെ.പി മത്സരിച്ചിരുന്നത്. എന്നിട്ടും ഒറ്റസീറ്റില്‍ പോലും വിജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇത്തവണ ഈ നിലമാറ്റി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. കര്‍ണ്ണാടക ഭരണം കൂടി കൈവിട്ടതോടെ ദക്ഷിണേന്ത്യയില്‍ ഒരിടത്തും ബി.ജെ.പി ഭരണമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥമാറ്റാന്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം അനിവാര്യമാണ്. കൂടുതല്‍ സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നും നേടുക തന്നെയാണ് ലക്ഷ്യം.

മോദിയുടെ മൂന്നാം ഊഴത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന എന്തിനെയും തകര്‍ക്കാന്‍ ഏതറ്റംവരെ പോകാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് തമിഴ്‌നാട് സര്‍ക്കാറിനെതിരായ ഇപ്പോഴത്തെ നീക്കം. ഡല്‍ഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റു ചെയ്ത ശേഷമുള്ള പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ പ്രധാന അറസ്റ്റാണിത്. പ്രതിപക്ഷ മഹാസഖ്യത്തോട് ചേരാന്‍ താല്‍പ്പര്യപ്പെടുന്ന പാര്‍ട്ടികളെ ഭയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ അറസ്റ്റിനു പിന്നിലുണ്ടെന്നു സംശയിക്കുക തന്നെ വേണം.

അതേസമയം കേന്ദ്ര ഏജന്‍സിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി സി.പി.എമ്മും രംഗത്തു വന്നിട്ടുണ്ട്. അറസ്റ്റിന് മുമ്പ് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങാത്തത് ഫെഡറിലിസത്തിന് എതിരായ നടപടിയാണെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നടിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരായി കേന്ദ്രം പ്രവര്‍ത്തിക്കുകയാണെന്നും അന്വേഷണ ഏജന്‍സികളെ ആയുധമാക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയ യെച്ചൂരി ഇ.ഡി ഇതുവരെ റജിസ്റ്റര്‍ ചെയ്ത 500 കേസുകളില്‍ ഭൂരിഭാഗവും ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെയാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തമിഴ്‌നാട് മോഡലില്‍ കേരളത്തിലെ വിവാദ കേസുകളിലും കേന്ദ്ര ഏജന്‍സികള്‍ ‘കൈവിട്ട’ നീക്കത്തിനു മുതിര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. അത്തരമൊരു നീക്കം പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും നല്‍കുന്ന സൂചന.

EXPRESS KERALA VIEW

Top