പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ സഹോദരിയുടെ മകൻ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ സഹോദരിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു. ഭൂപീന്ദന്‍ സിങ് ഹണിയെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. അനധികൃത മണല്‍ ഖനന കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഹണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ നടത്തിയ പരിശോധനകളില്‍ എട്ട് കോടി രൂപയും ഹണിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അനധികൃത മണല്‍ ഖനനം സംബന്ധിച്ച രേഖകളും വസ്തുവകകള്‍ കൈമാറ്റം ചെയ്തതിന്റെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.ഇത് കൂടാതെ മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, 12 ലക്ഷത്തിന്റെ റോളക്സ് വാച്ച് തുടങ്ങിയവയും പിടിച്ചെടുത്തു.

അനധികൃത മണല്‍ ഖനനം പഞ്ചാബ് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലെ ചൂടേറിയ വിഷയമാണ്. കോണ്‍ഗ്രസിനെതിരെ ഈ വിഷയം പ്രതിപക്ഷം ശക്തമായ പ്രചാരണായുധമാക്കുകയാണ്. തന്നെ സമ്മര്‍ദ്ദിലാക്കാനുള്ള ഈ ശ്രമങ്ങള്‍ വിലപോകില്ലെന്നാണ് മുഖ്യമന്ത്രി ചന്നിയുടെ പ്രതികരണം. ബന്ധുക്കളുടെ വീടുകളിലെ റെയ്ഡ് സര്‍ക്കാര്‍ ഗൂഢാലോചനയാണെന്നും ചന്നി ആരോപിച്ചിരുന്നു.

Top