ഇഡിയും മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു, ജാമ്യം കിട്ടുമെന്നതുകൊണ്ടാണ് നീക്കമെന്ന് കെജ്രിവാൾ

ദില്ലി : ദില്ലി മദ്യനയ കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം ജെയിലിലെത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ദില്ലി മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് തിഹാർ ജെയിലിൽ കഴിയുന്ന മനീഷ് സിസോദിയയെ ചൊവ്വാഴ്ച മുതൽ ഇഡി ജെയിലിലെത്തി ചോദ്യം ചെയ്തുവരികയിയുരുന്നു. ചോദ്യം ചെയ്യലിനോടും അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

നാളെയാണ് ദില്ലി റോസ് അവന്യൂ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാളെ ഇഡി സിസോദിയയെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. ഇഡിയും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ നാളെ റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചാലും സിസോദിയക്ക് പുറത്തിറങ്ങാനാകില്ല.

അതേസമയം ഇഡി അറസ്റ്റിനെതിരെ കെജ്രിവാൾ രംഗത്തെത്തി. സിസോദിയയ്ക്ക് സിബിഐ കേസിൽ നാളെ ജാമ്യം കിട്ടുമെന്നതുകൊണ്ടാണ് ഇഡി അറസ്റ്റ് ചെയ്തതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സിസോദിയ ജെയിലിൽ തുടരണമെന്ന ലക്ഷ്യം മാത്രമാണുള്ളത്. ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ജനം മറുപടി നൽകുമെന്നും കെജ്രിവാൾ പറഞ്ഞു.

Top