രാഹുലിനു പിന്നാലെ പിണറായിയോ ? അണിയറയിൽ ഇ.ഡിയുടെ കരുനീക്കം

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചാൽ അത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തന്നെ സാരമായി ബാധിക്കാൻ സാധ്യത. കേന്ദ്ര ഏജൻസികൾ ഇത്തരമൊരു ‘സാഹസം’ കാട്ടിയാൽ നേരിടാൻ തന്നെയാണ് സി.പി.എം തീരുമാനം. അത് കോൺഗ്രസ്സ് ഡൽഹിയിൽ കാട്ടിയ പ്രതിഷേധം പോലെ ആയിരിക്കില്ലന്ന തിരിച്ചറിവ് എൻഫോഴ്സ്മെന്റ് ഉദ്യാഗസ്ഥർക്കുമുണ്ട്. അതു കൊണ്ട് തന്നെ പിണറായിയുടെ കാര്യത്തിൽ തീരുമാനം എടുക്കും മുൻപ് രണ്ടുവട്ടം കേന്ദ്ര സർക്കാറിനും ആലോചിക്കേണ്ടി വരും. രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ സുരക്ഷ ഒരുക്കിയതും പ്രതിഷേധങ്ങളെ അടിച്ചമർത്തിയതും ഡൽഹി പൊലീസാണ്. ഡൽഹി പൊലീസ് കേന്ദ്ര സർക്കാരിന് കീഴിലായതിനാലാണ്, അതിനു സാധിച്ചത്. കോൺഗ്രസ്സ് മുഖ്യമന്ത്രിമാരും, കോൺഗ്രസ്സ് എം.പിമാരും തീർത്ത പ്രതിരോധത്തെ തകർക്കാനും ഡൽഹി പൊലീസിന് നിഷ്പ്രയാസമാണ് കഴിഞ്ഞത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ രാഹുൽ ഗാന്ധി പ്രതിക്കൂട്ടിൽ ഇരുന്നത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തെ സംബന്ധിച്ച് ഏറെ അപമാനം ഉണ്ടാക്കിയ സംഭവമാണ്. സമാനമായ സാഹചര്യം കേരള മുഖാമന്ത്രിക്കെതിരെ ഉണ്ടാക്കാൻ ശ്രമിച്ചാൽ പക്ഷേ ‘കളി’ മാറുക തന്നെ ചെയ്യും.


കേരളത്തില്‍ വച്ച് പിണറായിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചാല്‍ വലിയ സംഘര്‍ഷം ഉണ്ടാകുമെന്നതിനാല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനുള്ള സാധ്യതയും നിയമ കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല. രാഹുല്‍ ഗാന്ധിയെ ഇ.ഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചതു പോലെ പിണറായിയെയും വിളിപ്പിക്കാനാണ് നീക്കം. സ്വപ്ന നല്‍കിയ രഹസ്യമൊഴി പ്രകാരം മുഖ്യമന്ത്രിയുടെ മൊഴി അനിവാര്യമാകും എന്നതാണ് കേന്ദ്ര ഏജന്‍സികളുടെ നിലപാട്. എന്നാല്‍, മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങി സ്വപ്ന രാഷ്ട്രീയ പ്രേരിതമായി നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രി മൊഴി നല്‍കേണ്ട കാര്യമില്ലന്നതാണ് മറുവിഭാഗത്തിന്റെ നിലപാട്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ഉപയോഗിക്കുകയാണ് എന്നതാണ് സി.പി.എം നിലപാട്. കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവും ഈ നിലപാടിനൊപ്പം തന്നെയാണ്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം വ്യത്യസ്ത നിലപാടിലാണുള്ളത്. കേരളത്തിലെ സാഹചര്യം വേറെയാണ് എന്നതാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിരിക്കുന്നത്.ഇവിടെ ഇ.ഡിയുടെ നടപടി അനിവാര്യമാണ് എന്നതാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. ഈ നിലപാടിനെ ഡല്‍ഹിയിലെ ചോദ്യം ചെയ്യല്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് സി.പി.എം നീക്കം.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ തുടർച്ചയായാണ് ഇഡി ചോദ്യം ചെയ്തിരിക്കുന്നത്.ഇതിനെതിരായ കോൺഗ്രസ് പ്രതിഷേധം മൂന്നാം ദിവസവും സംഘർഷത്തിലാണ് കലാശിച്ചിരിക്കുന്നത്.എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിൽ കോൺഗ്രസ് നേതാക്കൾ ആകെ ഞെട്ടിയിരിക്കുകയാണ്. ഛത്തീസ്ഘട്ട് മുഖ്യമന്ത്രിയടക്കം കുത്തിയിരുന്നാണ് പ്രതിഷേധിച്ചിരുന്നത്.രാഹുലിനെ ചോദ്യം ചെയ്യുന്നതിനു മുമ്പു തന്നെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കടുത്തതോടെ ജെബി മേത്തർ അടക്കമുള്ള മഹിളാ കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ബലമായി നീക്കുകയാണ് ഉണ്ടായത്. ബസിനുള്ളിൽ വെച്ച് തന്നെ പൊലീസ് മർദ്ദിച്ചെന്നും, ജെബി മേത്തർ ആരോപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസവും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കിയാണ് അന്ന്, ദില്ലി പൊലീസ് രാഹുൽ ഗാന്ധിയെ ഇഡിക്ക് മുൻപിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂർ നേരമാണ് രാഹുലിന്റെ ചോദ്യം ചെയ്യൽ നീണ്ടത്. ഇതും അസാധാരണ നടപടിയാണ്.

യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ മുൻ നിർത്തിയായിരുന്നു രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നത്. എന്നാൽ നാഷണൽ ഹെറാൾഡ് കേസു പോലെയല്ല സ്വപ്നാ കേസ്. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നയുടെ മൊഴി മാത്രമാണ് ഉള്ളത്. തെളിവ് നിരത്താൻ കഴിഞ്ഞില്ലങ്കിൽ സ്വപ്നമാത്രമല്ല അന്വേഷണ ഏജൻസി തന്നെ കുരുക്കിലായി പോകും. ഇക്കാര്യം വ്യക്തമായി അറിയുന്നതു കൊണ്ടു തന്നെയാണ് സി.പി.എം നേതൃത്വം സ്വപ്നയെയും കേന്ദ്ര ഏജൻസികളെയും വെല്ലുവിളിച്ചിരിക്കുന്നത്. വരട്ടെ നേരിടാം എന്നതു തന്നെയാണ് ഇടതുപക്ഷത്തിന്റെ നിലപാട് . . .


EXPRESS KERALA VIEW

Top