ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടെന്ന് സമ്മതിച്ചതായി ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടുവെന്ന് സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ശിവശങ്കര്‍ സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ മുന്‍നിര്‍ത്തിയായിരുന്നു ഇടപെടലുകള്‍ എന്നും ഇഡി പറഞ്ഞു.

ശിവശങ്കര്‍ പലതവണ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു. കള്ളപ്പണം ശിവശങ്കറും കൈപ്പറിയോ എന്നും ഇഡി സംശയം രേഖപ്പെടുത്തി. ബുധനാഴ്ച എം. ശിവശങ്കറെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ബിനാമി ഇടപാടുകള്‍ നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ശിവശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച തള്ളിയിരുന്നു.

തൊട്ടുപിന്നാലെ രാവിലെ 10.55ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നു ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്കു ശേഷം കൊച്ചിയിലെത്തിച്ച ശിവശങ്കറെ ഇഡിയും കസ്റ്റംസും ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി 10.15ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ജനറല്‍ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്നു കോടതിയില്‍ ഹാജരാക്കും.

Top