സുരക്ഷയും മുന്‍കരുതലും ശക്തമാക്കി ; അവധിയില്‍ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനിടെ സുരക്ഷയും മുന്‍കരുതലും ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ജില്ലകളില്‍ അവധിയില്‍ പോയ റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശഖരന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്. ചെറുതോണിയില്‍ ഭരണകൂടം കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇടുക്കി കളക്ടര്‍ ജീവന്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍നിന്നാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതെന്നും ട്രയല്‍ റണ്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുവെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

നേരത്തെ, ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കുമെന്നാണ് വിവരം.2399 അടിയായി ജലനിരപ്പ് ഉയരുമ്‌ബോഴാണ് റെഡ് അലര്‍ട്ട് നല്‍കുക. ഇതിനു ശേഷം 15 മിനിറ്റിനു കഴിഞ്ഞായിരിക്കും ഷട്ടറുകള്‍ തുറക്കുന്നത്.

Top