Ecuador earthquake leaves 120000 children temporarily out

യുണൈറ്റഡ് നേഷന്‍സ്: ഇക്വഡോറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം 120,000 കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം വഴിമുട്ടിച്ചെന്ന് യൂണിസെഫ്. ഭൂകമ്പത്തില്‍ 280ല്‍ അധികം സ്‌കൂളുകള്‍ നിലംപൊത്തിയതോടെയാണ് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയത്.

അറുന്നൂറോളം പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുട്ടികളുടെ ജീവരക്ഷയ്ക്ക് ഉതകുന്നതാണ് വിദ്യാഭ്യാസമെന്നും ഇക്വഡോറിലെ യൂണിസെഫ് പ്രതിനിധി ഗ്രാന്‍ഡ് ലെയ്റ്റി പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ദിവസേനയുള്ള അവബോധം നല്‍കുന്നത് സഹായകരമാകും. മാനസികമായി പുനഃപ്രാപ്തിയില്‍ എത്താന്‍ അതുപകരിക്കുമെന്നും ലെയ്റ്റി പറഞ്ഞു.

യൂണിസെഫ് 20,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 60,000 കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സാധനങ്ങളും വിതരണം ചെയ്യും.

ഇക്വഡോറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 655 ജീവനാണ് പൊലിഞ്ഞത്. 4,605 പേര്‍ പരിക്കേല്‍ക്കുകയും 48 പേരെ കാണാതാവുകയും ചെയ്തു. 29,067 പേര്‍ ഭവന രഹിതരായെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top