സമ്പദ്‌വ്യവസ്ഥയും,സിഎഎയും ബാധിച്ചു;എന്നിട്ടും മോദിയുടെ ‘നെഞ്ചളവ്’ കുറഞ്ഞില്ലെന്ന് സര്‍വ്വെ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബിജെപി സര്‍ക്കാരും വലിയ പ്രതിഷേധങ്ങളും, പ്രതിബന്ധങ്ങളും നേരിടുന്ന ഘട്ടത്തിലും നേതാവിന്റെ ജനപ്രിയതയ്ക്ക് കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ലെന്ന് സര്‍വ്വെ. സാമ്പത്തിക മേഖലയുടെ വേഗത കുറയുന്നതും, വിവാദമായ പൗരത്വ ഭേദഗതി നിയമവും തലവേദന സൃഷ്ടിക്കുമ്പോഴും നരേന്ദ്ര മോദി തന്നെയാണ് പ്രധാനമന്ത്രി ജോലിയില്‍ ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനെന്നാണ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ വ്യക്തമാക്കുന്നത്.

ഇന്ത്യ ടുഡെയും, കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്ന് നടത്തുന്ന സര്‍വ്വെയുടെ 2020 ജനുവരി എഡിഷനിലാണ് പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്ക് പകരം വെയ്ക്കാന്‍ ഇപ്പോഴും മറ്റൊരാളില്ലെന്ന് വിശദമാക്കുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത 68 ശതമാനം പേരാണ് പ്രധാനമന്ത്രി മോദിയുടെ പ്രകടനം നല്ലതെന്നും, മികച്ചതെന്നും അഭിപ്രായപ്പെട്ടത്. 2019 ആഗസ്റ്റിലെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെയില്‍ നിന്നും മൂന്ന് ശതമാനം കുറവാണ് സംഭവിച്ചിട്ടുള്ളത്.

ഇപ്പോഴാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഈ പ്രതിഷേധങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ വിശ്വസിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെയാണെന്നും സര്‍വ്വെ കണ്ടെത്തി. എന്‍ഡിഎയ്ക്ക് 303 സീറ്റും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 108 സീറ്റുമാണ് ലോക്‌സഭയില്‍ ലഭിക്കുകയെന്നാണ് സര്‍വ്വെ അഭിപ്രായപ്പെട്ടത്. എന്‍ഡിഎയ്ക്ക് 50 സീറ്റ് കുറവാണ് ഈ പ്രവചനം, പ്രത്യേകിച്ച് ശിവസേന എന്‍ഡിഎയില്‍ ഇല്ലാത്ത ഘട്ടവുമാണ്. യുപിഎയ്ക്ക് 15 സീറ്റ് അധികവും നല്‍കുന്നു.

ഭക്ഷ്യവില ഉയരുന്നതും, സാമ്പത്തിക വളര്‍ച്ചയുടെ മെല്ലെപ്പോക്കും പ്രശ്‌നങ്ങളായി സര്‍വ്വെ ചൂണ്ടിക്കാണിക്കുമ്പോഴും യുപിഎ സര്‍ക്കാരിനേക്കാള്‍ മെച്ചമാണ് മോദി സര്‍ക്കാരിന്റെ പ്രകടനമെന്നാണ് 50% അഭിപ്രായപ്പെട്ടത്. 30% യുപിഎ സര്‍ക്കാരിനേക്കാള്‍ മോശമെന്നും അഭിപ്രായപ്പെട്ടു.

Top