വിപണിയില്‍ അമിത ഇടപെടല്‍ വേണ്ട; മോദി സര്‍ക്കാരിന് മുന്നറിയിപ്പായി സാമ്പത്തിക സര്‍വ്വെ

വിപണിയില്‍ അമിതമായി ഇടപെടുന്നതിന് എതിരെ നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നറിയിപ്പായി സാമ്പത്തിക സര്‍വ്വെ. നല്ല ഉദ്ദേശത്തോടെ ഉള്ളതാണെങ്കില്‍ പോലും ഇത്തരം ഇടപെടലുകള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിലാണ് അവസാനിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

സമ്പത്ത് സൃഷ്ടിക്കാനുള്ള വിപണിയുടെ കഴിവിനെയാണ് സര്‍ക്കാര്‍ ഇടപെടലുകള്‍ ബാധിക്കുന്നതെന്ന് സാമ്പത്തിക സര്‍വ്വെ വിശദമാക്കി. ഉദ്ദേശിച്ച ഫലത്തിന് നേര്‍വിപരീതമാണ് ഇവിടെ സംഭവിക്കുന്നത്. വിപണികള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്ത ഘട്ടങ്ങളില്‍ സര്‍ക്കാരിന് ഇടപെടാം. എന്നാല്‍ ഇത് അമിതമായാല്‍ പൗരന്‍മാരുടെ പുരോഗതി ഉറപ്പാക്കുന്ന ഘട്ടത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തെ സ്തംഭിപ്പിക്കും, സാമ്പത്തിക സര്‍വ്വെ ഓര്‍മ്മിപ്പിച്ചു.

ഇത് ഒഴിവാക്കാന്‍ അനാവശ്യ ഇടപെടല്‍ നടക്കുന്ന മേഖലകള്‍ സംബന്ധിച്ച് സമയബന്ധിതമായി പരിശോധിക്കാനും സര്‍വ്വെ നിര്‍ദ്ദേശിച്ചു. അനാവശ്യ ഇടപെടല്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കാനും, സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുക്കാന്‍ മത്സരക്ഷമതയുള്ള വിപണിക്ക് സാധിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6 മുതല്‍ 6.5 ശതമാനം വരെയാകുമെന്നാണ് സാമ്പത്തിക സര്‍വ്വെ വ്യക്തമാക്കുന്നത്.

ഔദ്യോഗിക തൊഴില്‍ മേഖലയിലെ പങ്കാളിത്തം 2011-12 വര്‍ഷത്തില്‍ 17.9 ശതമാനം ആയിരുന്നത് 2017-18 വര്‍ഷത്തില്‍ 22.8 ശതമാനമായി ഉയര്‍ന്നു. സ്ഥിരതയുള്ള തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. പുതുതായി ആരംഭിച്ച സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ലോകബാങ്ക് ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ് നല്‍കുന്നത്. 2018ല്‍ ഏകദേശം 1.24 ലക്ഷം പുതിയ സ്ഥാപനങ്ങളാണ് ആരംഭിച്ചത്. 80 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്.

Top