സാമ്പത്തിക മാന്ദ്യത്തിന് കാരണം സാവന്‍-ഭാദോ; സുശീല്‍ കുമാര്‍ മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. ഹിന്ദു കലണ്ടര്‍പ്രകാരം അഞ്ചും ആറും മാസങ്ങളില്‍ എല്ലാവര്‍ഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീതി പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

”സാധാരണ ഗതിയില്‍ എല്ലാ വര്‍ഷവും സാവന്‍-ഭാദോ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങള്‍) സമയത്ത് ചാക്രികമായ സാമ്പത്തിക പിന്നോക്കാവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ തീര്‍ക്കാന്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ് – സുശീല്‍കുമാര്‍ മോദി പറഞ്ഞു.

സാമ്പത്തിക രംഗത്തെ സ്ഥിതിഗതികള്‍ വൈകാതെ നിയന്ത്രണ വിധേയമാകും.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ സാഹചര്യങ്ങള്‍ ബിഹാറിനെ ബാധിക്കില്ല. ബിഹാറില്‍ വാഹന വിപണിയില്‍ പ്രശ്നങ്ങളൊന്നുമില്ല. സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നാമത്തെ ആശ്വാസ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top