‘ഇന്ത്യയുടെ സാമ്പത്തിക വളർച്ച ചിലരിലേക്ക് ഒതുങ്ങുന്നു’; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഇന്ത്യയുടെ സാമ്പത്തികമേഖല വളരുന്നുണ്ടെങ്കിലും, ആ വളർച്ചയിലൂടെയുള്ള പണം ചിലരുടെ കൈകളിലേക്ക് മാത്രം ഒതുങ്ങുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴില്ലായ്‌മ ചൂണ്ടികാണിച്ചും രാഹുൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.

ഹാർവാർഡ് സർവകലാശാലയിലെ വിദ്യാർഥികളുമായി രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ സംവാദത്തിനിടെയാണ് രാജ്യത്തിന്റെ കഴിഞ്ഞ 10 കൊല്ലത്തെ സാമ്പത്തികരംഗത്തെ സംബന്ധിച്ച് ചോദ്യം ഉയർന്നത്.

‘‘രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അവ, ആരുടെ താത്‌പര്യമാണെന്നുള്ള ചോദ്യമാണ് വേണ്ടത്. രാജ്യത്തിന്റെ വളർച്ച ഏതുതരത്തിൽ, അവ ആർക്ക് ഗുണപ്രദമാകുമെന്നും അറിയണം. രാജ്യത്തിന്റെ വളർച്ചയോട് തന്നെ ചേർത്തു നിർത്തേണ്ടതാണ് തൊഴിലില്ലായ്‌മയുടെ കണക്കുകൾ. അറിയണം. രാജ്യം വളരുന്നു. എന്നാൽ ധനം ഒരുവിഭാഗം ആളുകളിലേക്ക് മാത്രം കേന്ദ്രീകരിച്ചാണ് വളരുന്നത്. ആളുകൾക്ക് നിരവധി തൊഴിൽ ലഭിക്കുന്ന ഉത്‌പാദനക്ഷമമായ സാമ്പത്തികരംഗമാണ് രാജ്യത്തിന് ആവശ്യം.

രാജ്യത്തെ നിയമവ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയവയൊന്നും തന്നെ സുതാര്യമല്ല. അതുകൊണ്ടാണ് എന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യം മുഴുവൻ നടന്നത്.’’–രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ഒറ്റ ആശയവും ഒറ്റമതവും ഒറ്റഭാഷയുമുള്ള രാഷ്ട്രമായിട്ടാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top