സാമ്പത്തിക പ്രതിസന്ധി : യുഡിഎഫ് സമാന്തര ധവളപത്രം ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തിറക്കും. രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ധവളപത്രം പുറത്തിറക്കുക.

വി ഡി സതീശന്‍ എംഎല്‍എ കണ്‍വീനറായ യുഡിഎഫ് സമിതിയാണ് ധവളപത്രം തയാറാക്കിയത്. എംഎല്‍എമാരായ കെ എസ് ശബരീനാഥന്‍, കെ എന്‍ എ ഖാദര്‍, എം ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ. എന്‍ ജയരാജന്‍, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

നികുതി പിരിവിലെ പരാജയവും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഈ ധന പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. 2.5 ലക്ഷം കോടി രൂപയാണ് കടം. ഇതിനു പുറമേ കിഫ്ബിയിൽ 50,000 കോടി കടം വേറെയും ഉണ്ട്.

പിടിച്ചു നിൽക്കാൻ കഴിയാത്ത വിധത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടും ധൂർത്ത് കുറയ്ക്കാൻ സർക്കാർ തയാറാകുന്നില്ല. നികുതി ഇനത്തിൽ 30,000 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നാണ് ധനമന്ത്രി നിയമസഭയിൽ അറിയിച്ചത്. അതിന്റെ 10 ശതമാനം പോലും പിരിക്കാൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ ട്രഷറികൾ പൂട്ടിയ നിലയിലാണ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ബില്ലും സർക്കാർ ജീവനക്കാരുടെ ശമ്പളവും മാത്രമാണ് കഴിഞ്ഞ മാസം നൽകിയത്. പദ്ധതി വിഹിതമായി പഞ്ചായത്തുകൾക്ക് നൽകേണ്ട പണം കൊടുക്കാത്തതു കാരണം നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടത്താൻ കഴിയുന്നില്ലന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Top