രാജ്യത്തെ സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തു; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

രാജ്യത്ത് സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുന്നുവെന്നും ജിഡി പിയുടെയും രൂപയുടെയും മൂല്യമിടഞ്ഞെന്നും പ്രിയങ്ക പറഞ്ഞു.

ഇപ്പോള്‍ മോദി ഗവണ്‍മെന്റ് മൗനം പാലിക്കുന്നത് അപകടകരമാണന്ന് നേരത്തേയും പ്രിയങ്ക ആരോപണം ഉന്നയിച്ചിരുന്നു. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായെന്നും ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചു വിടുകയാണെന്നും ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ചാനിരക്ക് കേവലം അഞ്ച് ശതമാനമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഓഗസ്റ്റ് 30ന് പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ പാദത്തിലെ വളര്‍ച്ചാനിരക്ക് 5.8 ശതമാനമായിരുന്നു. അതായത് മുന്‍പാദത്തിലെ വളര്‍ച്ചയെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 വര്‍ഷത്തിലെ മൊത്തം ജി ഡി പി വളര്‍ച്ചാനിരക്ക് 6.8 ശതമാനമായിരുന്നു.

മാര്‍ച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കണ്‍സ്യൂമര്‍ ഡിമാന്‍ഡിലും സ്വകാര്യ നിക്ഷേപത്തിലുമുണ്ടായ ഇടിവാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിര്‍മ്മിതോത്പന്ന മേഖല കേവലം 0.6 ശതമാനം വളര്‍ച്ച മാത്രമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച രണ്ടുശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയും തളര്‍ച്ച നേരിടുകയാണ്.

ഇതിനു മുമ്പ് 2012-13ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലാണ് ഏറ്റവും കുറഞ്ഞ ജി ഡി പി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 4.9 ശതമാനമായിരുന്നു അന്നത്തെ വളര്‍ച്ചാ നിരക്ക്.

Top