economic crise – father – Hyderabad

ഹൈദരാബാദ്: സാമ്പത്തിക പ്രതിസന്ധിമൂലം പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തെലങ്കാനയിലെ മഹബൂബ്നഗറിലാണ് സംഭവം. ലട്ടുപള്ളി സ്വദേശിയായ മല്ലേഷാണ് തന്റെ രണ്ട് പെണ്‍കുട്ടികളെ വില്‍ക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായത്.

20,000 രൂപയ്ക്കാണ് മല്ലേഷ് തന്റെ ആറുവയസുള്ള മകള്‍ ഗീതാഞ്ജലിയേയും നാലുമാസം പ്രായമുള്ള ഭുലക്ഷ്മിയേയും വില്‍ക്കാന്‍ ശ്രമിച്ചത്. ഭാര്യ നര്‍സമ്മ ഇതിനെ എതിര്‍ത്തുവെങ്കിലും മല്ലേഷ് വകവെച്ചില്ല.

സാമ്പത്തിക ബാധ്യതകളെച്ചൊല്ലി ഇരുവരും വഴക്കിടുകയും മക്കളെ വില്‍ക്കുകയല്ലാതെ വേറെ വഴിയില്ലെന്നും മല്ലേഷ് വാദിച്ചു. ഞായറാഴ്ചയായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

തിങ്കളാഴ്ച ഭാര്യ ജോലിക്കുപോയ സമയം നോക്കി കുട്ടികളുമായി പുറത്തിറങ്ങിയ മല്ലേഷ് മഹബൂബ്നഗറിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കുട്ടികളെ വില്‍ക്കാന്‍ ഇരുത്തി. വഴിയിലൂടെ പോകുന്നവരോട് തന്റെ മക്കളെ വാങ്ങണമെന്നും 20,000 രൂപ തരണമെന്നും ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രികന്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മല്ലേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ ശിശുഭവനില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

ഏഴ് വര്‍ഷം മുന്‍പാണ് മല്ലേഷിന്റെയും നര്‍സമ്മയുടേയും വിവാഹം കഴിഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ ചൊല്ലി ഇരുവരും പരസ്പരം കലഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Top