ദുബായില്‍ പ്രകൃതിസൗഹൃദ പള്ളി തുറന്നു; 600 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും

ദുബായ്: നിര്‍മിതിയിലെ പ്രത്യേകതകള്‍ക്ക് യു.എസ്. ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ (യു.എസ്.ജി.ബി.സി.) പ്ലാറ്റിനം റേറ്റിങ് ലഭിച്ച പള്ളി ഹത്തയില്‍ തുറന്നു. പള്ളിയുടെ പരിസ്ഥിതി സൗഹൃദപരമായ നിര്‍മിതിക്ക് യു.എസ്.ജി.ബി.സി. 83 പോയന്റാണ് നല്‍കിയത്. 1050 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള പള്ളിയില്‍ ഒരേസമയം 600 വിശ്വാസികളെ ഉള്‍ക്കൊള്ളാനാകും.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് മഖ്തൂമിന്റെ ആശയത്തിലുള്ള സുസ്ഥിര വികസനത്തിലൂന്നിയുള്ള നിര്‍മാണശൈലിയാണ് ഇതില്‍ അവലംബിച്ചിട്ടുള്ളത്. ദുബായ് 2040 ആശയത്തില്‍ ഊര്‍ജ-പ്രകൃതിസംരക്ഷണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നിര്‍മാണരംഗങ്ങളില്‍ നടപ്പാക്കിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുസ്ഥിര വികസന സംവിധാനമെന്ന ലക്ഷ്യത്തോടെ ദുബായ് ജല വൈദ്യുത അതോറിറ്റി (ദേവ) നടത്തുന്ന ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ദേവ എം.ഡിയും സി.ഇ.ഒ.യുമായ സായിദ് മുഹമ്മദ് അല്‍തയര്‍ പറഞ്ഞു. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതിപരമായ വികസനങ്ങള്‍ക്ക് ഇത് കരുത്തേകും. ഊര്‍ജ ഉത്പാദനത്തിന് സൗരോര്‍ജ പാനലുകളും വെള്ളത്തിന്റെ പുനരുപയോഗത്തിനായുള്ള സംവിധാനങ്ങളും പള്ളിയുടെ പ്രത്യേകതയാണ്.

 

Top