പ്ലാസ്റ്റിക്കിന് ബൈ ബൈ പറയാനൊരുങ്ങി എയര്‍ ഇന്ത്യ; നിരോധനം ഒക്ടോബര്‍ രണ്ട് മുതല്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ പുനരുപയോഗത്തിന് സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കില്ല. വിമാനയാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പുകള്‍, പാത്രം, സ്ട്രോ, കുപ്പികള്‍, എന്നിവയാണ് ഒക്ടോബര്‍ രണ്ട് മുതല്‍ പൂര്‍ണമായും ഒഴിവാക്കുന്നത്.

200 മില്ലിയുടെ കുടിവെള്ളം നിര്‍ത്തലാക്കും. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുടിവെള്ളം പേപ്പര്‍ കപ്പുകളില്‍ നല്‍കും. പ്ലാസ്റ്റിക് ചായക്കപ്പുകള്‍ക്ക് പകരം പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കും.

പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ഭാരംകുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിലായിരിക്കും ഭക്ഷണം വിളമ്പുക. കഴിക്കാന്‍ തടികൊണ്ട് നിര്‍മ്മിച്ച സ്പൂണുകളും നല്‍കും.

പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന സാന്‍ഡ്വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞാകും ലഭിക്കുക.

സ്വാതന്ത്ര്യദിന പ്രസംഗത്തിലും മന്‍ കി ബാത്തിലും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിമാനങ്ങളിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമെടുത്തത്.

Top