പോളിങ് ശതമാനം ‘അപ്‌ഡേറ്റ്’ ചെയ്യാന്‍ മധ്യപ്രദേശില്‍ അതിവേഗ ഓട്ടക്കാര്‍ !

vote

ഖന്ദ്വ: വാര്‍ത്താ വിനിമയ സംവിധാനങ്ങളില്ലാത്ത താത്കാലിക ബൂത്തുകളില്‍ നിന്നുള്ള പോളിങ് ശതമാനം പുറം ലോകത്തെ അറിയിക്കാന്‍ അതിവേഗ ഓട്ടക്കാരെ നിയമിച്ച് മധ്യപ്രദേശ്. പോളിങ് ശതമാനം ‘അപ്‌ഡേറ്റ്’ ചെയ്യാനായി 43 ബൂത്തുകളിലേക്കായി 200പേരെയാണ് നിയോഗിച്ചത്. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.

രണ്ട് പേരെ വീതമാണ് ഓരോ ബൂത്തിലും നിയമിച്ചിരിക്കുന്നത്. ഒരാള്‍ ബൂത്തിലും ഒരാള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമായിട്ടുള്ള പ്രദേശത്ത് ഫോണുമായും നിലയുറപ്പിക്കും. ബൂത്തിലുള്ളയാള്‍ പോളിങ്ങ് ശതമാനക്കണക്കുമായി ഫോണുള്ളയാളുടെ അടുത്തേക്ക് ഓടിയെത്തും. രണ്ടാമന്‍ ഇങ്ങനെ ലഭിക്കുന്നപോളിങ്ങ് ശതമാനം ഫോണ്‍ വഴി അധികൃതരെ അറിയിക്കും.ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയിലായിരിക്കും പോളിങ് ശതമാനം രേഖപ്പെടുത്തുന്നത്. ഖന്ദ്വ ഡി.ആര്‍.ഒ വിഷേഷ് ഗഥ്പാലെ പറഞ്ഞു. താത്കാലിക ബൂത്തുകളിലെ വോട്ടിങ് ശതമാനം സമയാസമയങ്ങളില്‍ കൃത്യമായി കമ്മിഷനെ അറിയിക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കിയ ഓട്ടക്കാരെ നിയമിക്കുന്നത്.

ഖന്ദ്വ ജില്ലയിലെ ബേത്തുല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഹര്‍സുദ് അസംബ്ലി മണ്ഡലത്തില്‍ 43 താത്കാലിക ബൂത്തുകളാണ് ഉള്ളത്. ഖന്ദ്വ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ളശിവപുരിയില്‍ നാലും പന്ധാനയില്‍ മൂന്നും താത്കാലിക ബൂത്തുകളുമുണ്ട്.

Top