EC seeks Centre’s reply on plea to postpone budget

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി. ചൊവ്വാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അടുത്തമാസം ഒന്നിന് നിശ്ചയിച്ചിരിക്കുന്ന ബജറ്റ് അവതരണം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന മാര്‍ച്ച് എട്ടിനുശേഷം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കോണ്‍ഗ്രസ്സ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഡിഎംകെ, ജനതാദള്‍ യുണൈറ്റഡ്, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് ബജറ്റ് മാറ്റിവയ്ക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ബജറ്റ് നേരത്തെയാക്കിയാല്‍ അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഫെബ്രുവരി നാലിനാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മാര്‍ച്ച് 11ന് ഫലം പുറത്തുവരും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

Top