നമോ ടിവിയുടെ പരിപാടികള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ പരാതികളെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ നമോ ടിവി പരസ്യസംപ്രേക്ഷണത്തിനുള്ള ഡിടിഎച്ച് സേവനദാതാക്കളുടെ പ്ലാറ്റ് ഫോം മാത്രമാണെന്നും നിലവിലുള്ള മാനദണ്ഡമനുസരിച്ച് മന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയുടെ ആവശ്യം ചാനലിനില്ലെന്നും കമ്മിഷനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലയളവില്‍ രൂപീകരിക്കപ്പെടുന്നവയാണ് നിരീക്ഷക സമിതികള്‍. തിരഞ്ഞെടുപ്പ് ചട്ടലംഘനകള്‍ നിരീക്ഷിക്കുകയാണ് ഇവയുടെ പ്രധാനചുമതല. മാധ്യമങ്ങള്‍ പ്രധാനമായും ഇവയുടെ നിരീക്ഷണ പരിധിയില്‍ പെടുന്നു. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതി നേടിയ ശേഷമാണ് പൊതുജനങ്ങളിലേക്കെത്തുക.

Top