EC cancels RK Nagar by-election on cash-for-votes allegations

ചെന്നൈ: വോട്ട് ലഭിക്കാന്‍ നോട്ട് ഇറക്കിയ ചെന്നൈ ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പു റദ്ദാക്കിയത് സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വന്‍ തിരിച്ചടിയായി.

ഇതുവരെ നടത്തിയ പ്രചരണവും ചിലവാക്കിയ പണവുമെല്ലാം വെറുതെയായി. ഇനി തിരഞ്ഞെടുപ്പു കമ്മീഷന്‍ പുതിയ തിയ്യതി പ്രഖ്യാപിച്ചാല്‍ വീണ്ടും ഇതേ രൂപത്തില്‍ പ്രചരണം നടത്തേണ്ടി വരും.

കോടിക്കണക്കിന് രൂപ ആര്‍കെ നഗറില്‍ പ്രചരണത്തിനായി ഇറക്കിയതായാണ് കണക്ക്. ഇതിനു പുറമെ വന്‍ തോതില്‍ പണമൊഴുക്കി വോട്ടു ‘കച്ചവടം’ ചെയ്യാനും വോട്ടര്‍മാരെ പ്രലോഭിപ്പിക്കാനും നടത്തിയ നീക്കമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പു റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടും വരണാധികാരിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍് കോടികള്‍ വോട്ടര്‍മാരിലേക്ക് ഒഴുകിയതായി കണ്ടെത്തിയിരുന്നു.

തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. ഓരോ വോട്ടര്‍ക്കും 4000 രൂപ വീതം നല്‍കുന്നതിന് 89 കോടി രൂപ വിതരണം ചെയ്തതതിന്റെ വിശദാംശങ്ങളും രേഖകളും വിജയഭാസ്‌കറിന്റെ വസതിയില്‍ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു.

അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. വിമതവിഭാഗത്തെ പ്രധാനിയായ ഇ.മധുസൂദനനെയാണ് പനീര്‍ശെല്‍വം വിഭാഗം സ്ഥാനാര്‍ഥിയാക്കിയത്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മത്സരരംഗത്തുണ്ട്. എം മരുതുഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.

അണ്ണാഡിഎംകെയും ഡിഎംകെയും വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തഞ്ചാവൂരിലേയും അരവക്കുറിച്ചിയിലേയും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു

Top