എബോള ഭീതിയില്‍ കോംഗോ: ഒരു വര്‍ഷത്തിനിടെ മരിച്ചത് രണ്ടായിരത്തിലേറെ പേര്‍

കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വീണ്ടും പടരുന്നു. നോര്‍ത്ത് കിവു പ്രവിശ്യയിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.12 മാസത്തിനിടെ മൂവായിരത്തോളം പേര്‍ക്കാണ് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ മരിച്ചത്‌ രണ്ടായിരത്തിലേറെ പേരാണ്. ലോകാരോഗ്യ സംഘടനയുടെ ഈ കണക്ക് ഞെട്ടിക്കുന്നതാണ്.

ആഫ്രിക്കയിലെ മാനവരാശിക്ക് ഭീഷണിയാകും വിധം എബോള പടരുകയാണെന്നും ഇതിനെ ചെറുക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു.

അതേസമയം, ആഴ്ചയില്‍ ശരാശരി 80 പേര്‍ക്കു വീതം പുതുതായി രോഗം സ്ഥിരീകരിക്കുന്നുണ്ട്. വൈറസിനെ തുരത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

എബോള ഏറ്റവുമധികം നാശം വിതച്ച പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 11,000 ത്തിലേറെപ്പേര്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013 മുതല്‍ 2016 വരെയുള്ള കണക്കാണിത്.

Top