കനത്ത മഴ: സംസ്ഥാനത്ത് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്; എറണാകുളത്ത് പോളിംഗ് മന്ദഗതിയില്‍

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് . ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കൊച്ചിയില്‍ നാളെ വരെ വൈദ്യുതി മുടങ്ങും. കലൂര്‍ സബ്സ്റ്റേഷനില്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറി. റിലേ പാനലും ബാറ്ററി പാനലും കേടായി. കലൂര്‍ , ഇടപ്പള്ളി, പാലാരിവട്ടം സബ്സ്റ്റേഷനില്‍ വെള്ളം കയറി.

ഇടുക്കി കല്ലാര്‍ക്കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 6 ഇഞ്ച് ഉയര്‍ത്തി. നെടുമ്പാശേരി വിമാനത്താവളത്തെ മഴ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ്. സര്‍വീസുകള്‍ തടസ്സപ്പെടുന്ന സാഹചര്യമില്ല.

കനത്ത മഴയാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും ഉച്ചവരെ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കനത്ത മഴ തുടരുന്ന എറണാകുളത്ത് പകുതിസമയം പിന്നിട്ടിട്ടും പോളിങ് മന്ദഗതിയിലാണ്.

Top