ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫഖ്രിസാദെയുടെ മരണം, കൂടുതൽ വിവരങ്ങൾ പുറത്ത്

ടെഹ്റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിൻ ഫഖ്രിസാദെയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിമോട്ട് കൺട്രോൾ മെഷീൻ ഗൺ ഉപയോഗിച്ചാണ് ഫഖ്രിസാദെയെ ആക്രമിച്ചതെന്നും മൂന്ന് തവണയാണ് ഫഖ്രിസാദെയ്ക്ക് വെടിയേറ്റതെന്നും ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബുള്ളറ്റ്പ്രൂഫ് കാറിൽ ഭാര്യയ്ക്കൊപ്പം യാത്രചെയ്യുന്നതിനിടെയായിരുന്നു ആക്രമണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങൾ സംഭവസമയം അദ്ദേഹത്തിന് അകമ്പടിയായി ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആക്രമണത്തിൽ ഫഖ്രിസാദെയുടെ ബോഡിഗാർഡിനും വെടിയേറ്റു. തുടർച്ചയായ വെടിവെപ്പിന് പിന്നാലെ സ്ഫോടക വസ്തുക്കൾ നിറച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചു.

ഏകദേശം മൂന്ന് മിനിറ്റിനുള്ളിൽ ഇതെല്ലാം സംഭവിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. ഫഖ്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മിൽ വെടിവെയ്പ്പുണ്ടായെന്നും ഇതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നുമായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. നാല് ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചെന്നും ആദ്യ റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ റിമോട്ട് കൺട്രോൾ യന്ത്രത്തോക്കുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ഫഖ്രിസാദെയുടെ വധത്തിന് പിന്നിൽ ഇസ്രായേലാണെന്നും ഇതിന് തക്കതായ തിരിച്ചടി നൽകുമെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അടക്കമുള്ളവർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Top