‘അരിമണിയൊന്ന് കൊറിക്കാനില്ല’, കറുത്ത അരയന്നം സാപ്പിട്ടോളാൻ കിം ജോങ് ഉൻ!

ത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ക്ഷാമം നേരിടാനായി 2025 വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്തെ ജനങ്ങളോട് ഉത്തരവിട്ടുകഴിഞ്ഞു. കോവിഡ് മഹാമാരിക്ക് പിന്നാലെ, രാജ്യാതിര്‍ത്തികള്‍ അടച്ചതാണ് ഉത്തര കൊറിയ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണം. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി അവര്‍ ആശ്രയിച്ചുവന്നിരുന്നത് ചൈനയെ ആയിരുന്നു.

ഭക്ഷ്യപ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്ത് കറുത്ത അരയന്ന മാംസത്തിന്റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും പ്രോത്സാഹിപ്പിച്ചിരിക്കുകയാണ് ഉത്തരകൊറിയ. സര്‍ക്കാരിന് കീഴിലുള്ള മാധ്യമമാണ് പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മികച്ച ഭക്ഷണമെന്ന നിലയില്‍ കറുത്ത അരയന്ന മാംസം കഴിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ‘കറുത്ത അരയന്നത്തിന്റെ മാംസം അതീവ രുചികരവും ഔഷധമൂല്യം ഉള്ളതുമാണ്’. -ഭരണകക്ഷിയുടെ കീഴിലുള്ള റോഡോങ് സിന്‍മുന്‍ പത്രം പറയുന്നു.

അതേസമയം, അവശേഷിക്കുന്ന ഓരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവെക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനും ഭരണാധികാരിയായ കിം ജോങ് ഉന്‍ രാജ്യത്തെ നിയമനിര്‍മാതാക്കളോട് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വയംപര്യാപ്തത വര്‍ദ്ധിപ്പിക്കുന്നതിനായി 2019 മുതല്‍ അധികാരികള്‍ രാജ്യത്തെ സ്‌കൂളുകളോടും ഫാക്ടറികളോടും വ്യവസായങ്ങളോടും കൃഷിയിലൂടെയും മറ്റും ഭക്ഷണം ഉത്പാദിപ്പിക്കാനും ഭക്ഷ്യയോഗ്യമായ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താനും ആവശ്യപ്പെട്ട് വരുന്നതായി സിയോള്‍ ആസ്ഥാനമായുള്ള എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാമാരിക്ക് മുമ്പ് 40 ശതമാനം ഉത്തരകൊറിയക്കാരും ഭക്ഷ്യ അരക്ഷിതാവസ്ഥയിലായിരുന്നെന്നും എന്നാല്‍, കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ രാജ്യത്തെ രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന്റെ അപകടത്തിലേക്ക് നയിച്ചതായി ഈ മാസം ആദ്യം പുറത്തുവന്ന യുഎന്‍ ഇന്‍വെസ്റ്റിഗേറ്ററുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, യു.എന്‍ റിപ്പോര്‍ട്ട് പിന്നീട് ഉത്തര കൊറിയ നിഷേധിച്ചിരുന്നു.

 

Top