കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് അയവു വന്നതായി ചൈന

ബീജിങ് : കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. പാംഗോംഗ് തടാക പ്രദേശത്ത് നിന്നും അതിർത്തി സേനകൾ പിൻമാറിയതോടെയാണ് സംഘർഷത്തിന് അയവുവന്നതെന്നും പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ റെൻ ഗോകിയാങ് പറഞ്ഞു.

ഇന്ത്യ മുൻകൈയ്യെടുത്ത് നടത്തിയ മാരത്തൺ കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് ചൈനീസ് സൈന്യം മേഖലയിൽ നിന്ന് പിൻമാറി തുടങ്ങിയത്. പത്ത് വട്ടം ചർച്ചകൾ നടത്തിയിരുന്നു. സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാനായിരുന്നു ഇന്ത്യ ചർച്ചകൾക്ക് മുൻതൂക്കം നൽകിയത്. മേഖലയിൽ നിന്നും ചൈനീസ് സൈന്യം ബങ്കറുകൾ ഉൾപ്പെടെ പൊളിച്ചുമാറ്റി പിൻമാറുന്നതിന്റെ ദൃശ്യങ്ങളും ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു.

പ്രശ്‌നം പരിഹരിക്കാൻ ഇരുഭാഗത്ത് നിന്നും ഉണ്ടായ ശ്രമങ്ങൾക്ക് ഗോകിയാങ് നന്ദി അറിയിച്ചു. എന്നാൽ ചൈനയുടെ സൈന്യം പൂർണതോതിൽ എന്ന് പിൻമാറുമെന്ന കാര്യത്തിൽ വ്യക്തത നൽകാൻ ഗോകിയാങ് തുനിഞ്ഞില്ല. ദെസ്പാങ്, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര മേഖലകളിൽ നിന്നാണ് ഇനിയും ചൈനീസ് സൈന്യം പിൻമാറാനുളളത്.

Top