മലയാള സിനിമയില്‍ ‘ചില ന്യൂജെന്‍ വീട്ടുവിശേഷങ്ങ’ളുമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍ വീണ്ടും

ഒരു കാലത്ത് ആല്‍ബങ്ങളിലൂടെ മലയാളി മനസില്‍ പ്രണയം വിരിയിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ചിത്രവുമായി എത്തുകയാണ്. ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.സംവിധാനവും അദ്ദേഹം തന്നെ.നോവല്‍, മുഹബ്ബത്ത് എന്നീ ചിത്രങ്ങളാണ് ഇതിനു മുന്‍പ് വിജയന്‍ സംവിധാനം ചെയ്തത്.

ദേശീയ അവാര്‍ഡ് ജേതാവും ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ കൈയിലെടുത്ത സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. അതേസമയം നെടുമുടി വേണു, മിഥുന്‍ രമേശ്, ദിനേശ് പണിക്കര്‍, നോബി തുടങ്ങി മിക്ച്ച താരനിര തന്നെയുണ്ട് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍.

എം. ജയചന്ദ്രന്‍ ആണ് ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റുമായി 2000 മുതല്‍ 2008 വരെ സജീവമായി സഹകരിച്ചിരുന്ന എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്നത്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

എസ്.എല്‍ പുരം ജയസൂര്യ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായരും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കും. ഡിസംബര്‍ 15 മുതല്‍ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം : ആര്‍ക്കന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ് : ഹരി തിരുമല, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. തലമുറയുടെ വിശേഷങ്ങളുമായി എത്തിയ ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി പ്രണയ ഗാനങ്ങള്‍ സമ്മാനിച്ച വിജയന്റെ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ പേര് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

Top