വന്‍ തുക ചെലവാക്കി കമല്‍ പ്രീത് സിംഗിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍

kamal-preeth-singh

പുതിയ ഐലീഗ് സീസണിനായി വന്‍ തുക ചെലവാക്കി മിനേര്‍വ പഞ്ചാബിന്റെ യുവതാരമായ കമല്‍ പ്രീത് സിംഗിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍. ഏകദേശം 80 ലക്ഷം രൂപയ്ക്കാണ് സിംഗിനെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തേക്കാണ് ഈസ്റ്റ് ബംഗാളും യുവതാരവുമായുള്ള കരാര്‍.

കഴിഞ്ഞ സീസണില്‍ മിനേര്‍വയെ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് കമല്‍ പ്രീത്. റൈറ്റ് ബാക്ക് പൊസിഷനില്‍ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒന്നായി താരം അടുത്ത് തന്നെ ഉയരുമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മിനേര്‍വയ്ക്കായി കഴിഞ്ഞ സീസണില്‍ 18 മത്സരങ്ങള്‍ കമല്‍ പ്രീത് ഐലീഗില്‍ കളിച്ചിരുന്നു.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് കമല്‍ പ്രീത്. ഇന്ത്യയുടെ അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകള്‍ക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Top