ഹിമാലയന്‍ മേഖലയില്‍ 8.5 തീവ്രതയുള്ള ഉഗ്രഭൂകമ്പത്തിന് സാധ്യതയെന്ന്

himalaya

ന്യൂഡല്‍ഹി : ഹിമാലയന്‍ മേഖലയില്‍ ഉഗ്രഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 8.5 തീവ്രതയോ അതിന് മുകളിലോ ശക്തിയുള്ള ഭൂകമ്പം ഏതു സമയത്ത് വേണമെങ്കിലും അനുഭവപ്പെടാമെന്ന് ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റ്റിഫിക് റിസേര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തിയത്.

ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള മേഖലയിലാണ് ഭൂകമ്പ ഭീഷണി നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സമാനമായൊരു ഭൂകമ്പം മേഖലയില്‍ ഉണ്ടായതായും പഠനത്തില്‍ വ്യക്തമാക്കുന്നു.

ഹിമാലയന്‍ മേഖലയിലെ ജനസംഖ്യയും നിര്‍മാണ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഇത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്നും അവര്‍ പറയുന്നു. പഠനത്തില്‍ കണ്ടെത്തിയതു പോലെ ഒരു ഉഗ്രഭൂകമ്പമുണ്ടായാല്‍ അത് ഹിമാലയന്‍ മേഖലയില്‍ വന്‍നാശം വിതക്കുമെന്നും രാജേന്ദ്രന്‍ പറയുന്നു.

നേപ്പാളിലെ മോഹന ഖോല, അതിര്‍ത്തിക്ക് സമീപമുള്ള ചോര്‍ഗാലിയ എന്നീ മേഖലകളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.

Top