ജപ്പാനിലെ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയെന്ന് റിപ്പോര്‍ട്ട്.

ടോക്കിയോ: ജപ്പാനിലെ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജപ്പാനിലെ ഹൊക്കേയ്ഡു ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

പൊലീസിന്റെയും, പ്രാദേശിക അധികൃതരുടെയും കണക്കനുസരിച്ച് ഭൂചനത്തില്‍ 660 പേര്‍ക്കാണ് പരുക്കേറ്റതെന്ന് റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഏകദേശം 70 കെട്ടിട്ടങ്ങളാണ് മണ്ണിനടിയില്‍പ്പെട്ടത്. 2600 പേര്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അവസാനമായി കാണാതായ 77 വയസ്സുകാരന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടുകിട്ടിയതായി ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദ് സുഗ പറഞ്ഞു.

സുനാമി സാധ്യതയില്ലെന്നും ആണവനിലയങ്ങള്‍ക്കു ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു. വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. വീടുകള്‍ തകരാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്.

Top