ന്യൂസിലാന്‍ഡിൽ ഗബ്രിയേല ചുഴലിക്കാറ്റിന് പിന്നാലെ ഭൂകമ്പം, പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ് ജനം

നേപ്പിയര്‍: ന്യൂസിലാന്‍ഡില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നഷ്ടം. വെള്ളപ്പൊക്ക ഭീഷണി കൂടി നേരിട്ടതോടെ വീടുകളുടെ ടെറസില്‍ അഭയം തേടിയ ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്ത് സേന. ഗബ്രിയേല ചുഴലിക്കാറ്റ് തനിസ്വരൂപം കാണിച്ചതോടെ ന്യൂസിലാന്‍ഡില്‍ ഇതിനോടകം കൊല്ലപ്പെട്ടത് അഞ്ച് പേരാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിരത്തിലധികം ആളുകളാണ് ചുഴലിക്കാറ്റിന് പിന്നാലെ ഇവിടെ ചിതറിപ്പോകേണ്ടി വന്നത്. സൌത്ത് പസഫിക് മേഖലയിലേക്ക് ചുഴലിക്കാറ്റ് നീങ്ങിയതിന് പിന്നാലെ മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്.

ചുഴലിക്കാറ്റ് ഏറ്റവും രൂക്ഷമായി ബാധിച്ച ഹവാക്ക് മേഖലയില്‍ എന്‍എച്ച് 90 അടക്കമുള്ള സേനാ ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പലയിടങ്ങളിലും വെള്ളപ്പൊക്കത്തില്‍ വീടിന്റെ ഇരുനിലകളും മുങ്ങുന്ന അവസ്ഥയാണ് നേരിടുന്നത്. ബുധനാഴ്ച വൈകുന്നേരം ഈ മേഖലയില്‍ നിന്ന് ഒറു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പല വീടുകളുടേയും ടെറസില്‍ നിന്നായി 300ല്‍ അധികം ആളുകളെയാണ് സേന ഇതിനോടകം രക്ഷിച്ചിട്ടുള്ളത്. ബുധനാഴ്ച രാത്രിയില്‍ ന്യൂസിലാന്‍ഡില്‍ 6.0 തീവ്രതയുള്ള ഭൂകമ്പവുമുണ്ടായിരുന്നു. എന്നാല്‍ ഭൂകമ്പത്തില്‍ സാരമായ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലാന്‍ഡിലും വെല്ലിംഗ്ടണിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി ആളുകളെ കാണാതായതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് ബുധനാഴ്ച വ്യക്തമാക്കി. രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളേയും ഗബ്രിയേല ചുഴലിക്കാറ്റ് സാരമായി ബാധിച്ചതായാണ് ക്രിസ് ഹിപ്കിന്‍സ് വിശദമാക്കുന്നത്. 140000 ജനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതില്‍ 80000 വീടുകളില്‍ മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാനായിട്ടുള്ളത്. വെള്ളപ്പൊക്കത്തിന് പിന്നാലെ ശുദ്ധജലക്ഷാമമാണ് മേഖലയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്നത്.

Top