തെക്കൻ ഇറാനിൽ ഇരട്ട ഭൂകമ്പം;യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടു

അബുദാബി: തെക്കന്‍ ഇറാനിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളുടെ പ്രകമ്പനമായി ഇന്ന് രാവിലെ യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്.

ഇറാനില്‍, 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. വടക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. ബന്ദര്‍ അബ്ബാസിന് വടക്ക് 61 കിലോമീറ്റര്‍ (38 മൈല്‍) ആയിരുന്നു പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലുണ്ട്. വിദൂര പ്രദേശമായതിനാല്‍ സമഗ്രമായ വിലയിരുത്തല്‍ കഴിയുന്നതിന് മണിക്കൂറുകളെടുത്തേക്കാം.

വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. എന്നാല്‍ രാജ്യത്ത് ഭൂചലനം കൊണ്ട് പ്രത്യാഘാതങ്ങളുണ്ടായിട്ടില്ല. ഇറാനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 മണിക്കാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിലുണ്ടായത്. ഇന്ന് തന്നെ ഇത് മൂന്നാം തവണയാണ് ഇറാനില്‍ ഭൂചലനമുണ്ടാകുന്നത്. രാവിലെ 9.10നും 8.59നും റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 6.0, 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഇറാനില്‍ അനുഭവപ്പെട്ടിരുന്നു.

Top