ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണസംഖ്യ 56 ആയി

earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. അപകടത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാമുജുവില്‍ 47 പേരും മജേനെയില്‍ ഏഴു പേരുമാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് പറഞ്ഞു.

പരിക്കേറ്റവരുടെ എണ്ണം 800 ഓളം ആയി. ഇതില്‍ നിരവധിയാളുകളുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴ് സെക്കന്‍ഡ് നീണ്ടുനിന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് 15,000 ആളുകള്‍ വീടുവിട്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു.

പടിഞ്ഞാറന്‍ സുലവേസി മേഖലയില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ചശേഷം ഒന്നു രണ്ട് ആഴ്ചകള്‍ക്കുശേഷമേ അടിയന്തരാവസ്ഥ പിന്‍വലിക്കൂ എന്ന് ബിഎന്‍പിബി തലവന്‍ ഡോണി മൊനാര്‍ഡോ അറിയിച്ചു.

Top