ഗ്രീസില്‍ ഭൂകമ്പം; ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്, കെട്ടിടങ്ങള്‍ തകര്‍ന്നു !

ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ ഹെരാക്ലിയോണ്‍ മേഖലയില്‍ 5.8 തീവ്രതയുള്ള ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നൂറു കണക്കിന് ആളുകള്‍ കുടുങ്ങിയിരിക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് മന്ത്രി ക്രിസ്റ്റോസ് സ്റ്റൈലിയാനിഡ്സ് അറിയിച്ചു.

4000 താമസക്കാരുള്ള അര്‍ക്കലചോറി എന്ന ഗ്രാമത്തിന് സമീപമാണ് പ്രഭവ കേന്ദ്രം. ഇവിടെ പള്ളി നന്നാക്കിക്കൊണ്ടിരുന്ന 62 വയസ്സുള്ള ഒരാളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു.

”ശാസ്ത്രജ്ഞര്‍ക്കൊപ്പം കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ഏകദേശം 2,500 പേര്‍ക്ക് അഭയം ഒരുക്കാന്‍ കഴിയും. ടെന്റുകളടിച്ച് പാര്‍പ്പിടവും ഭക്ഷണവും നല്‍കുകയാണ്”, ദ്വീപ് സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെട്ടിടങ്ങള്‍ക്ക് വലിയ നാശ നഷ്ടമുണ്ടായി.ഗ്രാമത്തിലെ ജലവിതരണ സംവിധാനവും അവതാളത്തിലായി. ഹോട്ടലുകള്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ 90 മുറികള്‍ വിട്ടു നല്‍കിയതായി ടൂറിസം മന്ത്രി അറിയിച്ചു. തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്ന കാരണം ആളുകള്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ അറിയിച്ചു.

Top