ഈ കാലാവസ്ഥാ മാറ്റങ്ങള്‍ ഭൂമിയുടെ അവസാനത്തിന്; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തിന് മുന്‍പുള്ള ഒന്‍പത് ഘട്ടങ്ങള്‍ ലോകം പൂര്‍ത്തിയാക്കിയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഭയപ്പെടുത്തുന്ന ഈ നാഴികക്കല്ലുകള്‍ പൂര്‍ത്തിയാക്കുക വഴി നമ്മള്‍ ഭൗമ അടിയന്തരാവസ്ഥയിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതുവഴി ഭൂമുഖത്തെ മനുഷ്യരാശിയെ തന്നെ തുടച്ചുനീക്കാന്‍ സാധ്യത വര്‍ദ്ധിച്ചെന്നും ശാസ്ത്രലോകം വ്യക്തമാക്കി.

ഭൂമിയിലെ ഒന്‍പത് സുപ്രധാന മേഖലകളില്‍ തിരുത്താന്‍ കഴിയാത്ത തരം കേടുപാടുകള്‍ സംഭവിച്ച് കഴിഞ്ഞതായി നേച്വര്‍ മാസികയില്‍ ഗവേഷകര്‍ വ്യക്തമാക്കി. ഇതുവഴി ആഗാള താപനം കുതിച്ചുയരാനും, അപകടകരമായ ഡോമിനോ ഇഫക്ടിനും സാധ്യത തെളിഞ്ഞതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ആമസോണ്‍ മഴക്കാടുകളും, അന്റാര്‍ട്ടിക്ക, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ വമ്പന്‍ മഞ്ഞുപാളികളും തിരിച്ചുകിട്ടാത്ത വിധത്തില്‍ നഷ്ടമായിക്കഴിഞ്ഞു. ഇതില്‍ നിന്നും ഒരു തിരിച്ചുവരവ് അസാധ്യവുമാണ്.

‘ഭൂമിയുടെ സിസ്റ്റത്തില്‍ ഒന്‍പത് സുപ്രധാന ഭാഗങ്ങള്‍ ഒരു ദശകം മുന്‍പ് നമ്മള്‍ തിരിച്ചറിഞ്ഞതാണ്. ഇതില്‍ പകുതിയോളം ഇടങ്ങള്‍ ദുരന്തത്തിന് ഒരുങ്ങിക്കഴിഞ്ഞു’, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ടിം ലെന്റണ്‍ ചൂണ്ടിക്കാണിച്ചു. യുകെ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഗവേഷകരാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റ് അപകടകരമായ നാഴികക്കല്ലുകള്‍ കൂടി മറികടക്കുന്നത് തടയാന്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക മാത്രമാണ് പോംവഴി.

അവസ്ഥ വളരെ ഗുരുതരമാണെന്നും, തെറ്റ് സംഭവിച്ചാല്‍ തിരികെ പോകാന്‍ വഴിയില്ലെന്നും പ്രൊഫസര്‍ ലെന്റണ്‍ ചൂണ്ടിക്കാണിച്ചു. ആമസോണ്‍ മഴക്കാടുകളില്‍ പോലും വരള്‍ച്ച അനുഭവപ്പെടുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനിയും കണ്ണടയ്ക്കരുതെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു.

Top