ദക്ഷിണേന്ത്യയിലെ ആദ്യകാല സൗണ്ട് എന്‍ജിനീയര്‍ വി. ബാലചന്ദ്രമേനോന്‍ അന്തരിച്ചു

ചെന്നൈ: ദക്ഷിണേന്ത്യയിലെ പഴയകാല സിനിമ സൗണ്ട് എന്‍ജിനീയര്‍ വി. ബാലചന്ദ്രമേനോന്‍ അന്തരിച്ചു. 91 വയസായിരുന്നു. വി.ബി.സി.മേനോന്‍ എന്നാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങള്‍ക്ക് ശബ്ദ മിശ്രണം നിര്‍വഹിച്ചുണ്ട്. 1952 ല്‍ വിജയവാഹിനി സ്റ്റുഡിയോയില്‍ സൗണ്ട് എന്‍ജിനീയറിങ് അപ്രന്റീസായാണ് തുടക്കം. ആദ്യമായി ശബ്ദ മിശ്രണം ചെയ്ത
ചിത്രം മുടിയനായ പുത്രനാണ്. ഡബ്ബിങ്, ഗാന റെക്കോഡിങ്, പശ്ചാത്തലസംഗീതം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.

തമിഴില്‍ എം.ജി.ആര്‍, ശിവാജി ഗണേശന്‍, ദിലീപ് കുമാര്‍ കന്നഡയിലെയും തെലുങ്കിലെയും മുന്‍നിര നായകര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഭരതന്‍, ജേസി, ജോഷി, ഹരിഹരന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. തരംഗിണി സ്റ്റുഡിയോ തുടങ്ങിയ ആദ്യ കാലത്ത് ശബ്ദ മിശ്രണം നടത്തിയിരുന്നത് മേനോനായിരുന്നു.

നാടോടി മന്നന്‍, വസന്തമാളികൈ, എങ്കവീട്ടില്‍പിള്ള (തമിഴ്) നാനാഹരിസ്ഥ, പ്രേംനഗര്‍, രാം ഔര്‍ ശ്യാം, ഏക് സിന്തഗി, ദില്‍ ഏക് മന്ദിര്‍(ഹിന്ദി), സന്ദര്‍ഭം, കാറ്റത്തെ കിളിക്കൂട്, അമ്മയെക്കാണാന്‍, ഭാഗ്യജാതകം, നായരുപിടിച്ച പുലിവാല് (മലയാളം) തുടങ്ങിയവ മേനോന്‍ ശബ്ദ മിശ്രണം നടത്തിയ ചിത്രങ്ങളാണ്. അറഗിനി എന്ന കന്നഡ സിനിമയ്ക്ക് മികച്ച ശബ്ദ ശബ്ദമിശ്രണത്തിനുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് പടിഞ്ഞാറെ കോവിലകം കുടുംബാംഗമാണ്.ഭാര്യ:സൗദാമിനി അമ്മ. മക്കള്‍:വിജയലക്ഷ്മി, ശോഭന, രാജു. മരുമക്കള്‍: ബാലചന്ദ്രന്‍, ജി. ശശികുമാര്‍, രാജി.

Top