വിവാഹപ്രായം ഉയര്‍ത്തല്‍; കേന്ദ്രത്തിന്റെ ഉദ്ദേശ്യം ശരിയല്ല, എതിര്‍ക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍ എംപി രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും, അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയാണ്. ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള അജണ്ട കൂടി ഇതിന് പിന്നലുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലീഗ് ലോക്‌സഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംപിമാരായ ഡോ എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്‌സഭയിലും പി വി അബ്ദുല്‍ വഹാബ് എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

വിവാഹപ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എംപിമാര്‍ അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Top