ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടില്ല; കെ സുരേന്ദ്രന്‍

പത്തനംതിട്ട: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരന്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

ഇ.ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സര്‍ക്കാരിനെതിരായ സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഭീരുത്വം മൂലമാണ് പിണറായി വിജയന്‍ ഭീഷണികള്‍ മുഴക്കുന്നത്. വാദം പൊളിയുമ്പോള്‍ ബഹളം വെക്കുന്ന രീതി പിണറായി വിജയന്‍ അവസാനിപ്പിക്കണം. തന്റെ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതിന്റെ കുറ്റബോധം കൊണ്ടാണ് അദ്ദേഹം ബഹളം വെക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎമ്മിന് വേരോട്ടമുള്ള സ്ഥലങ്ങളിലൊക്കെ ബിജെപി അധികാരം പിടിച്ചിട്ടുണ്ട്. അതുപോലെ കേരളവും ബിജെപിക്ക് ബാലികേറാമലയല്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

Top