ബി.ജെ.പി ദേശത്തെ സ്‌നേഹിക്കുന്ന ആള്‍ക്കാര്‍, അത് വര്‍ഗ്ഗീയതയല്ല; ഇ ശ്രീധരന്‍

കോഴിക്കോട്: ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ അനീതിയാണ് കാണിച്ചതെന്ന് ഇ ശ്രീധരന്‍. ഹിന്ദുസമൂഹം ഇങ്ങനെ തിരിഞ്ഞു കളിക്കാന്‍ കാരണം ശബരിമല വിഷയമാണ്. അഴിമതി ആരോപണങ്ങള്‍ ഉണ്ടാകില്ലെന്നും, എല്ലാ പ്രോജക്റ്റും പറയുന്ന സമയത്ത് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ദേശത്തെ സ്നേഹിക്കുന്ന ആള്‍ക്കാരാണ്. ദേശസ്നേഹം വര്‍ഗീയതയല്ല. സൈന്യത്തിന് ശേഷം ദേശസ്നേഹമുള്ളത് ആര്‍.എസ്.എസിനാണെന്ന് റിട്ട. ജസ്റ്റിസ് തോമസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദേശസ്നേഹമാണ് അവരുടെ ആശയമെന്നും അത് എങ്ങനെ വര്‍ഗീയതയാകുമെന്നും ഇ ശ്രീധരന്‍ ചോദിച്ചു.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നയയമാണ് എല്‍.ഡി.എഫും യു.ഡി.എഫും സ്വീകരിക്കുന്നതെന്ന ആരോപണം വളരെ ശരിയാണ്. അതുകൊണ്ടാണ് ഈ നിലയില്‍ നമ്മളെത്തിയത്. എങ്ങനെയെങ്കിലും വോട്ടുണ്ടാകണം എന്ന ചിന്തയാണ്, അല്ലാതെ സംസ്ഥാനത്തെ നന്നാക്കണം എന്ന ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റേത് രാഷ്ട്രീയം തുടങ്ങാനുള്ള പ്രായമല്ല, പക്ഷേ, ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുകയെന്നും ഇ ശ്രീധരന്‍ ചോദിച്ചു. ഇതൊരു നല്ല അവസരമാണ്. ഈ സമയം ചെയ്തില്ലെങ്കില്‍ തനിക്ക് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് മാത്രം ഇറങ്ങിപ്പുറപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയില്‍ നിന്ന് ഒരു വാഗ്ദാനവും ലഭിച്ചില്ല. ഒന്നും ചോദിച്ചിട്ടുമില്ല, അര്‍ഹിക്കാത്തത് തന്നാല്‍ സ്വീകരിക്കുകയുമില്ല. ഗവര്‍ണര്‍ സ്ഥാനം തന്നാലും സ്വീകരിക്കില്ല. സുഖമായി രാജ്ഭവനില്‍ താമസിക്കാം എന്നല്ലാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല. അതിനേക്കാള്‍ എത്രയോ ഭേദമാണ് എന്റെ വീട്ടില്‍ ഇരിക്കുക എന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top