മെട്രോമാന് സിനിമയിലാണ് റിസ്ക്ക് . . . ജയസൂര്യക്ക് പാളിയാൽ അത് ‘പണി’യാകും

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍, മനുഷ്യപ്രയത്നത്തിനു മുന്‍പില്‍ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാര്‍ഢ്യമാണ് നാം കണ്ടു പഠിക്കേണ്ടത്.

അസാധ്യമെന്ന് കരുതുന്ന പലതും ആത്മവിശ്വാസത്തേടെ ഏറ്റെടുത്ത് രാജ്യത്തിന് സമര്‍പ്പിച്ച ആ വ്യക്തിത്വമാണ് ഇ.ശ്രീധരന്‍. അതിന് ജനങ്ങള്‍ നല്‍കിയ സ്നേഹത്തിന്റെ പേരാണ് മെട്രോമാന്‍.

കൊങ്കണ്‍ റെയില്‍വേയും,ഡല്‍ഹി മെട്രോയും മലയാളികളുടെ സ്വന്തം കൊച്ചിേെമ്രട വരെയെത്തി നില്‍ക്കുന്നത് ആ ആത്മധൈര്യത്തിന്റെ കരുത്താണ്.

രാമസേതു എന്ന് പേരിട്ടിരിക്കുന്ന വി.കെ പ്രകാശ് ചിത്രത്തില്‍ ജയസൂര്യയാണ് ഇ.ശ്രീധരനായെത്തുന്നത്. ചരിത്രം സൃഷ്ടിച്ച നമ്മുടെ നാട്ടിലെ മഹാനായ ആ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നതെന്നാണ് വി.കെ പ്രകാശ് പറഞ്ഞത്.

എസ്.സുരേഷ് ബാബു തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് പ്രമേയമാകുന്നത്. 30 വയസുകാരനായ ഇ ശ്രീധരനായും 87കാരനായ ഇ. ശ്രീധരനായും ജയസൂര്യ വേഷമിടും.

1956 ല്‍ കാകിനദ എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമെടുത്ത് 1962ല്‍ റെയില്‍വേയില്‍ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോള്‍ ഈ പൊന്നാനിക്കാരനെ കാത്തിരുന്നത് ഇന്ത്യയുടെ ഭാഗധേയങ്ങളാണ്.

1964ല്‍ തമിഴ്നാടിനെയും രാമെശ്വരത്തെയും നിലം പരിശാക്കിയ ചുഴലിക്കൊടുങ്കാറ്റില്‍, രാമെശ്വരത്തെക്കുള്ള പാമ്പന്‍ പാലം പൂര്‍ണമായി തകര്‍ന്നു. ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി. ആ പാലം ആറുമാസം കൊണ്ട് പൂര്‍വസ്ഥിതിയിലാക്കാനുള്ള ദൗത്യം യുവാവായ ശ്രീധരനില്‍ എത്തി.

തകര്‍ന്നെങ്കിലും, കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകള്‍, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനര്‍നിര്‍മിച്ചതാകട്ടെ വെറും 45 ദിവസം കൊണ്ടാണ്. ആ മഹാദൗത്യം ഇന്നും രാമേശ്വരത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.

പിന്നീട്, കൊല്‍കത്ത മെട്രോ നിര്‍മാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂര്‍ത്തിയാക്കി. അതുകൊണ്ട് തന്നെ, അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്‍പ്പിക്കാന്‍ അന്നത്തെ റയില്‍വേ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും ദൗത്യം അത്ര എളുപ്പമായിരുന്നില്ല. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ചായിരുന്നു ഇവയൊക്കയും അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്. സ്വന്തം ഉത്തരവാദിത്വങ്ങളിലും ജോലികളിലും മുഴുകി ജീവിക്കുന്ന സത്യസന്ധനായ ഈ മനുഷ്യന്റെ ജീവിതം തന്നെയാണ് പുതുതലമുറക്കുള്ള യതാര്‍ത്ഥ പ്രചോദനം.

ഒരു വര്‍ഷം മന്‍പ് പണി കഴിപ്പിച്ച പാലം വരെ തകര്‍ന്നു വീഴുന്ന നമ്മുടെ നാട്ടില്‍ 65 വര്‍ഷം മുന്‍പ് ശ്രീധരന്‍ പണിത പാലം പൊളിക്കേണ്ടത് എങ്ങനെയെന്ന് പുതുതലമുറക്ക് അദ്ദേഹം തന്നെ പറഞ്ഞുകൊടുക്കേണ്ടി വന്നത് അസാമാന്യമായ നേതൃപാഠവത്തെയാണ് വ്യക്തമാക്കുന്നത്. നാഗമ്പടം പാലം പൊളിച്ചു നീക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒടുവില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അതു പൊളിക്കാന്‍ സാധിച്ചത്. അങ്ങനെ മെട്രോമാന്റെ കൈമുദ്ര പതിഞ്ഞ ഒട്ടനവധി ചരിത്രങ്ങള്‍ ഇന്നും കരുത്തോടെ നിലനില്‍ക്കുന്നു.

ഒരു കഥാപാത്രത്തെ ഏല്‍പ്പിച്ചാല്‍ അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും മടിയില്ലാത്ത അഭിനേതാവാണ് ജയസൂര്യ. അതുകൊണ്ടു തന്നെ സിനിമക്ക് വേണ്ടി മറ്റൊരാളെ കണ്ടെത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്ന ‘രാമസേതു’ വിഷുവിന് തീയ്യേറ്ററില്‍ എത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകള്‍ അറിയിച്ചിരിക്കുന്നത്.

35 വര്‍ഷമായി ഒരു സിനിമ പോലും തിയേറ്ററില്‍ പോയി കണ്ടിട്ടില്ലാത്ത ഒരാളെക്കുറിച്ച് ഒരു സിനിമ തന്നെ ഒരുങ്ങുമ്പോള്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ലോക സാങ്കേതികതയ്ക്ക് തന്നെ മാതൃകയാക്കാവുന്ന ഇന്ത്യയിലെ വിവിധ പദ്ദതികളുടെ ചുക്കാന്‍ പിടിച്ച ഈ മഹത് വ്യക്തിത്വത്തെ വെള്ളിത്തിരയില്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ .

Top