തൃശൂര്‍: സില്‍വര്‍ ലൈനിനായി തീര്‍ക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കുമെന്ന് ഇ.ശ്രീധരന്‍. മതിലുകള്‍ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും മെട്രോ മാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കുന്ന പദ്ധതി ആണ് കെ റയില്‍. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്തതയില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റയില്‍ പദ്ധതി. പദ്ധതി അനുമതിക്കായി സര്‍ക്കാര്‍ ചെലവ് ചുരുക്കി കാണിക്കുന്നു. 95000കോടി നിലവില്‍ ചെലവ് വരുന്നതാണ് പദ്ധതിയെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ബിജെപിയുടെ കെ.റയില്‍ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉദ്ഘാടനം ചെയ്യുകയയിരുന്നു ഇ ശ്രീധരന്‍ .
കെ റെയിലില്‍ മുഖ്യമന്ത്രിയുടേത് മര്‍ക്കട മുഷ്ടി ആണെന്ന് ഇ.ശ്രീധരന്‍ കുറ്റപ്പെടുത്തി. ജനദ്രോഹകരമായ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.