ഇ-റുപ്പി ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഇന്ന് അവതരിപ്പിക്കും

-റുപ്പി ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഇന്ന് അവതരിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ഈ ഡിജിറ്റല്‍ പേയ്മെന്റ് സൊല്യൂഷന്റെ ലോഞ്ച് നടക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

ഇ-റുപ്പി ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അതിന്റെ യുപിഐ പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചെടുത്തതാണ്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യം & കുടുംബ ക്ഷേമം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടൊണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.

പണം കൈമാറാനുള്ള ക്യാഷ്‌ലസ് കോണ്‍ടാക്ലസ് പ്ലാറ്റ്ഫോം എന്ന പേരിലാണ് ഇ-റുപ്പി അവതരിപ്പിക്കുന്നത്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് കൈമാറുന്ന ക്യുആര്‍ കോഡോ എസ്എംഎസ് സ്ട്രിങോ അടിസ്ഥാനമാക്കിയുള്ള ഇ-വൗച്ചറാണ് ഇത്. തടസ്സമില്ലാത്ത വണ്‍ടൈം പേയ്മെന്റ് സംവിധാനം ഇതിലൂടെ സാധ്യമാകുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന വൌച്ചര്‍ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്സസ് ഇല്ലാതെ ഉപയോക്താക്കള്‍ക്ക് റിഡീം ചെയ്യാന്‍ കഴിയും.

വരാനിരിക്കുന്ന ഇ-റുപ്പി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്‌ഫോം ഗുണഭോക്താക്കളെയും സേവനദാതാക്കളെയും ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കുന്നുവെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. ഇടപാട് പൂര്‍ത്തിയായതിനു ശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാന്‍ കഴിയൂ എന്നതാണ് പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു സവിശേഷത. ഇടനിലക്കാരില്ലാതെ സമയബന്ധിതമായി പണമടയ്ക്കുന്നത് ഉറപ്പാക്കാന്‍ ഇ-റുപ്പി പ്ലാറ്റ്‌ഫോമിന് സാധിക്കുന്നുവെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

 

Top