ഇ-റേഷന്‍ കാര്‍ഡ് തിങ്കള്‍ മുതല്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകും

തിരുവനന്തപുരം: ഇ-ആധാര്‍ മാതൃകയില്‍ സ്വയം പ്രിന്റ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇ-റേഷന്‍ കാര്‍ഡ് തിങ്കള്‍ മുതല്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകും. പൈലറ്റ് പദ്ധതിയായി തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഓഫിസ് പരിധിയില്‍ മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചിരുന്നു.

പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ഇലക്ട്രോണിക് കാര്‍ഡ് നല്‍കുന്നതാണു പദ്ധതി. സ്വന്തമായും അക്ഷയ വഴിയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫിസില്‍ പോകുന്നത് ഒഴിവാക്കാം.

പൂര്‍ണതോതില്‍ നടപ്പാക്കുന്നതോടെ പുസ്തക രൂപത്തിലുള്ള കാര്‍ഡിനു പകരം പോക്കറ്റില്‍ സൂക്ഷിക്കാവുന്ന വലുപ്പത്തിലുള്ള കാര്‍ഡ് ലഭിക്കും. വ്യത്യസ്ത നിറത്തിലുള്ള പരമ്പരാഗത കാര്‍ഡുകള്‍ക്കു പകരം ഒരേ രൂപത്തിലുള്ള കാര്‍ഡുകളായിരിക്കും ഇനി. കാര്‍ഡിന്റെ ഒരു വശത്ത് വിഭാഗവും നിറവും ചെറുതായി അടയാളപ്പെടുത്തും.

നിലവിലെ പുസ്തക രൂപത്തിലുള്ള കാര്‍ഡുകളുടെ സാധുത നഷ്ടപ്പെടാത്തതിനാല്‍ അവ ഉടനെ ഇ-കാര്‍ഡ് ആക്കി മാറ്റേണ്ടതില്ല. തിരുത്തലുകളോ മാറ്റങ്ങളോ വരുത്തിയാല്‍ ലഭിക്കുന്നത് പുതിയ ഇ-കാര്‍ഡ് ആയിരിക്കും.

ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്കു താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പിഡിഎഫ് രൂപത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസന്‍ ലോഗിനിലോ ലഭിക്കും.

പിഡിഎഫ് രേഖ തുറക്കുന്നതിനുള്ള പാസ്വേഡ്, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. കാര്‍ഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം. അക്ഷയയില്‍ കാര്‍ഡ് പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്തു നല്‍കും. 25 രൂപയാണു നിരക്ക്.

 

Top