E. P Jayarajan; The strength of the party and the headaches of government

തിരുവനന്തപുരം: സി.പി.എമ്മില്‍ എന്നും കരുത്തായി ഒപ്പം നില്‍ക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ ഇ.പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭരണത്തില്‍ തലവേദനയാകുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് രണ്ടാഴ്ച പിന്നിടും മുമ്പു തന്നെ വിവാദങ്ങളില്‍പെട്ട് സര്‍ക്കാരിനെ നാണം കെടുത്തുകയാണ് ജയരാജന്‍.

മന്ത്രിസഭയില്‍ വ്യവസായ, കായിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ജയരാജന്‍ ലോക പ്രശസ്ത ബോക്‌സിങ് താരം മുഹമ്മദലിയുടെ നിര്യാണത്തില്‍ ചാനലിന് നല്‍കിയ അനുശോചന സന്ദേശത്തില്‍ മുഹമ്മദലിയെ കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയയാളെന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും പരിഹാസത്തിനു കാരണമായിരുന്നു.

അമേരിക്കക്കാരനായ ലോകം കണ്ട പ്രഗത്ഭനായ ബോക്‌സിങ് താരത്തെക്കുറിച്ച് സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനത്തിലെ കായിക മന്ത്രി നടത്തിയ പരാമര്‍ശത്തെ ദേശീയ മാധ്യമങ്ങളും കളിയാക്കിയിരുന്നു.

കോടതി വിധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ കണ്ടല്‍പാര്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നു പറഞ്ഞാണ് വീണ്ടും ജയരാജന്‍ സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഇതിനെതിരെ പരിസ്ഥിതിവാദികളും കോണ്‍ഗ്രസും പ്രതിഷേധവുമായെത്തി. ഏറ്റവും ഒടുവില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഇന്ത്യയുടെ ഒളിമ്പിക് താരവുമായിരുന്ന അഞ്ജു ബോബി ജോര്‍ജിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും സര്‍ക്കാരിനെ വെട്ടിലാക്കി. ജയരാജന്റെ കീഴില്‍ കേരളത്തിലെ കായികരംഗം രക്ഷപ്പെടില്ലെന്നു തുറന്നടിച്ച അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കി.

സി.പി.എമ്മില്‍ പിണറായിയുടെ വലംകൈയ്യായാണ് ഇ.പി ജയരാജന്‍ അറിയപ്പെടുന്നത്. ദേശാഭിമാനി മാനേജരായിരിക്കെ ലോട്ടറി മാഫിയാ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി പരസ്യം സ്വീകരിച്ചതിനെയും ജയരാജന്‍ ന്യായീകരിച്ചിരുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കിയതിനെതിരെ സി.പി.എം നടത്തിയ സമരത്തില്‍ പോടാപുല്ലേ സി.ബി.ഐ എന്നായിരുന്നു ജയരാജന്റെ ആക്ഷേപം.

പാര്‍ട്ടിയില്‍ കരുത്തായി നിന്ന ജയരാജന് യു.ഡി.എഫ് സര്‍ക്കാരിലെ രണ്ടാമനായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ വ്യവസായ വകുപ്പും ഒപ്പം കായിക വകുപ്പുമാണ് പിണറായി നല്‍കിയത്. പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്നും മന്ത്രി സ്ഥാനത്തേക്ക് ജയരാജന്‍ ഉയരുന്നില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞു. വയനാട് ജില്ലാ സെക്രട്ടറി ശശീന്ദ്രനെയും മുന്‍ മന്ത്രി എസ്. ശര്‍മ്മയെയുമെല്ലാം തഴഞ്ഞാണ് പിണറായി ജയരാജന് മന്ത്രി സ്ഥാനം നല്‍കിയത്.

അതേസമയം താന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിക്കൊപ്പം ഓഫീസിലെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

വിഷയത്തില്‍ ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ജയരാജന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ല. വിമാനയാത്രയെപ്പറ്റി ചോദിക്കുന്നത് എങ്ങനെ അപമര്യാദയാകും? കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. അതു ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി അവരോട് ചോദിച്ചതെന്നും പിണറായി വ്യക്തമാക്കി.

Top